ന്യൂഡൽഹി: വിദ്യാർഥികൾക്കുള്ള പി.എം. കെയർ സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം. ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ തിരിച്ചറിയൽ നടപടികൾക്ക് ആധാർ സ്ഥിരീകരണം നിർബന്ധമാക്കി. അതേസമയം, ആധാർ ഇല്ലാത്തതിന്റെയോ സാങ്കേതിക തകരാറുകളുടെയോ പേരിൽ അർഹരായ കുട്ടികൾക്ക് സ്കോളർഷിപ്പ് നിഷേധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ എൻറോൾമെന്റ് അക്നോളജ്മെന്റ് സ്ലിപ്പിനൊപ്പം ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റുകൾ എന്നിവ തിരിച്ചറിയൽ രേഖകളായി സമർപ്പിക്കാം. രക്ഷാകർത്താവുമായുള്ള ബന്ധം തെളിയിക്കാൻ റേഷൻ കാർഡ്, പാസ്പോർട്ട്, ജാതി സർട്ടിഫിക്കറ്റ്, നിയമപരമായ രക്ഷാകർതൃത്വം തെളിയിക്കുന്ന ഉത്തരവ് എന്നിവയും സ്വീകരിക്കും.
18 വയസ്സിന് മുകളിലുള്ളവർക്ക് വോട്ടർ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡിഐഡി) എന്നിവ ഉപയോഗിക്കാം.
ആധാർ സ്ഥിരീകരണത്തിനിടെ ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ തടസ്സമുണ്ടായാൽ ഒടിപി വഴിയോ മറ്റ് ബയോമെട്രിക് രീതികളിലൂടെയോ പരിശോധന നടത്തും. ഇതും സാധ്യമാകാത്ത സാഹചര്യത്തിൽ ആധാർ ക്യുആർ കോഡ് അല്ലെങ്കിൽ ഓഫ്ലൈൻ ഇ-കെവൈസി വഴി രേഖകൾ പരിശോധിച്ച് സ്ഥിരീകരിക്കും.
ബദൽ രേഖകൾ ഉപയോഗിക്കുന്നവരുടെ എൻറോൾമെന്റ് തിരിച്ചറിയൽ നമ്പറുകൾ മൈആധാർ പോർട്ടലിലൂടെ പരിശോധിച്ച് ഉറപ്പാക്കുന്നതിനായി മന്ത്രാലയം പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കും. അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുകയാണ് പുതിയ മാനദണ്ഡങ്ങളിലൂടെ ലക്ഷ്യമിടുന്നത്.



