ന്യൂഡൽഹി: സി.ജെ.പി. സമരത്തിനിടെ ജന്തർ മന്തറിൽ വിദ്യാർഥികൾക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാർജിനും ബലപ്രയോഗത്തിനുമെതിരെ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റിലെ ഓഫീസിൽ ചേരുന്ന യോഗത്തിൽ പ്രതിഷേധത്തിന്റെ തുടർതന്ത്രം രൂപീകരിക്കും.
വിദ്യാർഥികൾക്കെതിരെ പോലീസ് നടത്തിയ നടപടി ഉയർന്നതല നിർദേശമില്ലാതെ ഉണ്ടായതല്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംഭവത്തിന്റെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രി അമിത് ഷാ ഏറ്റെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടും വിദ്യാർഥികളോടും മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.
ഇതിന് മുന്നോടിയായി, പെല്ലറ്റ് തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കാൻ പോലീസിന് ആരാണ് അനുമതി നൽകിയതെന്ന് ചോദിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഞായറാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
അതേസമയം, പൊതുപരീക്ഷകളിലെ ചോദ്യച്ചോർച്ചയ്ക്കുള്ള ശിക്ഷ കർശനമാക്കുന്ന ഭേദഗതി ബിൽ തിങ്കളാഴ്ച ലോക്‌സഭയിൽ സർക്കാർ അവതരിപ്പിക്കും. 2024-ലെ പൊതുപരീക്ഷ (അന്യായമാർഗങ്ങൾ തടയൽ) നിയമത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്. ബിൽ അവതരിപ്പിച്ച ദിവസം തന്നെ പാസാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബില്ലിനോടുള്ള നിലപാട് ഇന്ത്യാ സഖ്യത്തിന്റെ പാർലമെന്ററി യോഗത്തിൽ തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.
വിദ്യാർഥികളുടെ സമരവിജയത്തിന്റെ ഫലമായാണ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. വിദ്യാർഥികൾക്കെതിരെ ലാത്തി, ബാറ്റൺ, പെല്ലറ്റ് തോക്ക് എന്നിവ ഉപയോഗിച്ചവർക്കെതിരെ നടപടിയെടുക്കുകയും പ്രധാനമന്ത്രി മാപ്പ് പറയുകയും ചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.




