പാലക്കാട്: പട്ടാമ്പി മുതുതലയിൽ വീട്ടിൽ അതിക്രമിച്ച് കയറി തീയിട്ട സംഭവത്തിൽ എറണാകുളം പറവൂർ സ്വദേശി പ്രേംദാസിനെതിരെ കൊപ്പം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വീടുകയറി അതിക്രമം, വധശ്രമം തുടങ്ങി നിരവധി വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രേംദാസ് അപകട നിലതരണം ചെയ്തതായും, ഡോക്ടറുടെ അനുമതി ലഭിച്ചാൽ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
മച്ചിങ്ങതൊടി കിഴക്കേത്തിൽ ഇബ്രാഹിമിന്‍റെ വീടിനാണ് തീയിട്ടത്. ഇബ്രാഹിമിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ഇന്നോവ കാറിനും സ്കൂട്ടറിനും പ്രേംദാസ് തീ വെച്ചതോടെയാണ് തീ പടർന്നത്. പിന്നീട് വീടിനും തീപിടിച്ച് ഭാഗിക നാശമുണ്ടായി. തീ വെച്ച ശേഷം പ്രേംദാസ് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.
പണം സംബന്ധമായ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഇബ്രാഹിം പ്രേംദാസിന് ഒരു ലക്ഷം രൂപ നൽകാനുണ്ടായിരുന്നു. സംഭവസമയത്ത് വീട്ടിൽ ഇബ്രാഹിമിന്‍റെ ഭാര്യയും രണ്ട് കുട്ടികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ സമയത്ത് ഓടി രക്ഷപ്പെട്ടതോടെ വലിയ ദുരന്തം ഒഴിവായി.


