ന്യൂഡൽഹി : ദീർഘകാലമായി വൈകിയ ദേശീയ സെൻസസും ജാതി കണക്കെടുപ്പും 2027 മാർച്ച് 1 ന് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ.കൂടാതെ ജനസംഖ്യാ എണ്ണലിനുള്ള തയ്യാറെടുപ്പുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ജമ്മു കശ്മീർ, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 2026 ഒക്ടോബർ മുതൽ പ്രക്രിയ നേരത്തെ ആരംഭിക്കാൻ സാധ്യതയുണ്ട്.അടുത്ത സെൻസസിൽ ജാതി കണക്കെടുപ്പ് ഉൾപ്പെടുത്തുന്നതിന് രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ നീക്കം.
രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന ആവശ്യം കോൺഗ്രസും വിവിധ പ്രാദേശിക പാർട്ടികളും ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്റർ അപ്ഡേറ്റ് ചെയ്യുന്നതിനായി സാധാരണയായി പത്ത് വർഷത്തിലൊരിക്കൽ നടത്തുന്ന സെൻസസ് 2021 ൽ ഷെഡ്യൂൾ ചെയ്തിരുന്നു, എന്നാൽ കോവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു .






