കൊച്ചി: വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ പൊതു ഇടങ്ങളായി കണക്കാക്കാം എന്നതിനാല്‍ ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്‌താല്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നതിന് സാധ്യതയുള്ളതായി കേരള ഹൈക്കോടതി പറഞ്ഞു. വ്യക്തികള്‍ തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍റെ അടിസ്ഥാനത്തില്‍ സ്വകാര്യമായി കണക്കാക്കാമെങ്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന മെസേജുകള്‍ അതിലെ ഒന്നിലധികം അംഗങ്ങള്‍ക്ക് തുറക്കാനും വായിക്കാനും കാണാനും കഴിയുമെന്നതിനാല്‍ വ്യക്തിഗത സന്ദേശങ്ങളായി കണക്കാക്കാനാവില്ല.
അതിനാല്‍, വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ അശ്ലീലമാണെങ്കില്‍ അവ ഒരു പൊതുസ്ഥലത്ത് ഉച്ചരിക്കുന്നതിന് തുല്യമായ കണക്കാക്കാം എന്നും ജസ്റ്റിസ് ശ്യാം കുമാര്‍ വി എം ഒരു വിധിന്യായത്തില്‍ വ്യക്തമാക്കി.
2019ല്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത ഒരു കേസ് പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഈ സുപ്രധാന വിധിന്യായം. 2019ല്‍ ഒരു കമ്പനിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മുന്‍ ജീവനക്കാരിയുടെ പേരെടുത്ത് പറഞ്ഞ് അശ്ലീല സന്ദേശം ഒരാള്‍ പോസ്റ്റ് ചെയ്‌തു എന്ന ആരോപണമായിരുന്നു കേസിന് ആസ്‌പദമായ സംഭവം. വനിതയുടെ പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത എഫ്ഐആറും നടപടിക്രമങ്ങളും റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതി ഭാഗം ഹൈക്കോടതിയെ സമീപിച്ചത്.






