ബ്രഹ്‌മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറര്‍ ഫാന്റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ 2.0 പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കൗതുകം ജനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ഒട്ടനേകം ദൃശ്യങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളുമായാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. ജനുവരി 9നാണ് രാജസബിന്റെ വേള്‍ഡ് വൈഡ് റിലീസ്.
ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമായിട്ടാണ് റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ ഹൊറര്‍ ഫാന്റസി ത്രില്ലര്‍ ‘രാജാസാബ്’ തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്ന് ആദ്യ ട്രെയിലര്‍ സൂചന നല്‍കിയിരുന്നു. രണ്ടാമത്തെ ട്രെയിലര്‍ സിനിമയുടെ കൂടുതല്‍ സര്‍പ്രൈസുകളിലേക്ക് വെളിച്ചം വീശുന്നതാണ്. സെറീന വഹാബ്, സഞ്ജയ് ദത്ത് എന്നിവരുടെ ഇതുവരെ കാണാത്ത അഭിനയ മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ടെന്ന് ട്രെയിലര്‍ അടിവരയിടുന്നുണ്ട്. ഹൊററും ഫാന്റസിയും റൊമാന്‍സും കോമഡിയും മനംമയക്കുന്ന വിഎഫ്എക്‌സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലര്‍ ഏവരിലും രോമാഞ്ചം ജനിപ്പിക്കുന്നതാണ്. സിനിമയിലെ ഗാനങ്ങളും ക്യാരക്ടര്‍ പോസ്റ്ററുകളും ഇതിനകം തരംഗമായി കഴിഞ്ഞിട്ടുണ്ട്.
ബോക്‌സോഫീസ് വിപ്ലവം തീര്‍ത്ത കല്‍ക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യന്‍ സിനിമയില്‍ സമാനതകളില്ലാത്തൊരു സൂപ്പര്‍ നാച്ച്വറല്‍ ദൃശ്യ വിരുന്ന് തന്നെയാകും എന്നാണ് ലഭിക്കുന്ന സൂചനകള്‍. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി, സെറീന വഹാബ്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്‌റ്റൈലിലും സ്വാഗിലും കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തന്‍ ലുക്കിലുമാണ് ചിത്രത്തില്‍ പ്രഭാസിനെ ഡബിള്‍ റോളില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍.




