കോഴിക്കോട്: പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. തീപിടിത്തം ആസൂത്രിതമാണെന്ന നിഗമനത്തിലേക്ക് പൊലീസ് അന്വേഷണം നീങ്ങുന്നു. സംഭവത്തിൽ മരിച്ച സോനയെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിന് മുൻപ് ഒരു സ്ത്രീ പെട്രോൾ വാങ്ങിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
വാഹനത്തിലെ സാങ്കേതിക തകരാർ മൂലമല്ല തീപിടിത്തമുണ്ടായതെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായി. തീ പടർന്നത് എൻജിനിൽ നിന്നല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കാറിൽ പെട്രോളുമായി യാത്ര ചെയ്തിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സോനയും ഭർത്താവ് രജിൻ ലാലും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. അപകടം നടന്ന ദിവസം സോന ബന്ധുവിന്റെ വീട്ടിലായിരുന്നുവെന്നും പിന്നീട് വൈകിട്ടാണ് രജിൻ ലാൽ എത്തി കൂട്ടിക്കൊണ്ടുപോയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു തീപിടിത്തം.
അപകടത്തിൽ 60 ശതമാനത്തിലേറെ പൊള്ളലേറ്റ രജിൻ ലാൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കാറിന്റെ പിൻസീറ്റിലായിരുന്നു സോന ഇരുന്നതെന്ന് രജിൻ ലാൽ പറഞ്ഞു. യാത്രയ്ക്കിടെ പെട്രോളിന്റെ മണം അനുഭവപ്പെട്ടതായും, അതിനെക്കുറിച്ച് ചോദിച്ച ഉടൻ തീ പടർന്നുവെന്നുമാണ് മൊഴി. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.






