മലപ്പുറം: പേരശ്ശന്നൂരിൽ ഇടിമിന്നലേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പേരശ്ശന്നൂർ പള്ളിയാൽപറമ്പിൽ താമസിക്കുന്ന അജീഷ് (39) ആണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തായ ആയികുളത്ത് ഷാജഹാന്റെ വീട്ടിൽ എത്തിയിരുന്ന അജീഷ്, വീടിന്റെ ഇരുമ്പ് ഗ്രില്ലിൽ പിടിച്ച് നിൽക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. മിന്നലേറ്റതോടെ അജീഷ് വീടിന് പുറത്തേക്ക് തെറിച്ചുവീണു. വലതു കൈയ്ക്ക് ഗുരുതരമായി പൊള്ളലേറ്റതായും അബോധാവസ്ഥയിലായതായും നാട്ടുകാർ അറിയിച്ചു.
സംഭവത്തിന് പിന്നാലെ നാട്ടുകാർ അജീഷിനെ ഉടൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണ്. ഇടിമിന്നലേറ്റ് ഷാജഹാന്റെ വീടിനും വലിയ നാശനഷ്ടമുണ്ടായി. മീറ്റർ ബോർഡും ഇ.എൽ.സി.ബി. ബ്രേക്കറും പൂർണമായും കത്തിനശിച്ചു.
വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും വയറിംഗും കത്തി നശിച്ചു. വീടിന്റെ തറയും മുൻഭാഗവും കേടുപാടുകൾ സംഭവിച്ചു. സംഭവത്തിന് ശേഷം പ്രവാസി സംഘം നേതാവ് പ്രീതി കോഞ്ചത്ത്, വാർഡംഗം ബുഷ്റ കവറത്തൊടി എന്നിവർ വീട് സന്ദർശിച്ച് ആവശ്യമായ സഹായങ്ങൾ നൽകി.






