മലപ്പുറം: കാവനൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് രണ്ടു ദിവസത്തിന് ശേഷം മടങ്ങിയെത്തി. കാവനൂർ ചെങ്ങര അവുഞ്ഞിപ്പുറവൻ മുഹമ്മദ് അൽഫയാദ് (25) ആണ് തിങ്കളാഴ്ച വൈകീട്ട് മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയത്.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. അമ്മയുടെ വീട്ടിലേക്ക് കാറിൽ പോകുന്നതിനിടെ മഞ്ചേരി- കിഴിശ്ശേരി റോഡിലെ പൂക്കൊളത്തൂരിൽ വെച്ച് മറ്റൊരു കാറിൽ എത്തിയ നാലംഗസംഘം അൽഫയാദിനെ കാറിൽ നിന്ന് പിടിച്ചിറക്കി തട്ടിക്കൊണ്ടുപോയതായാണ് പരാതി.
തട്ടിക്കൊണ്ടുപോയ സംഘം തന്നെ കക്കാടംപൊയിലും മറ്റ് സ്ഥലങ്ങളിലും കൊണ്ടുപോയ ശേഷം തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ മഞ്ചേരി കാരാപറമ്പിൽ ഇറക്കിവിട്ടുവെന്നാണ് അൽഫയാദ് പോലീസിനോട് പറഞ്ഞത്. ഒരു അഭിഭാഷകന്റെ ഒപ്പമാണ് ഇയാൾ പോലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തിൽ തനിക്ക് പരാതിയില്ലെന്ന് അൽഫയാദ് പോലീസിനെ അറിയിച്ചു.
എന്നാൽ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇയാൾ വ്യക്തമാക്കിയിട്ടില്ല. പോലീസ് നടത്തിയ ചോദ്യംചെയ്യലിനോട് അൽഫയാദ് പൂർണമായി സഹകരിക്കുന്നില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.
അതേസമയം, തട്ടിക്കൊണ്ടുപോകലിന് പിന്നിൽ പരസ്പരം ബന്ധമുള്ള സംഘമാകാമെന്നാണ് പോലീസിന്റെ സംശയം. അൽഫയാദിനെ കാണാതായതിനെ തുടർന്ന് സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് യുവാവിന്റെ നാടകീയ തിരിച്ചുവരവ്.






