കോട്ടയം: പാലാ മരിയസദനത്തിന്റെയും കോട്ടയം ജില്ലാ പോലീസ് പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നിത്യഹരിത നായകൻ പ്രേം നസീർ, ഗായകൻ പി. ജയചന്ദ്രൻ എന്നിവരുടെ അനുസ്മരണവും പൊതുയോഗവും സംഘടിപ്പിച്ചു. ജനുവരി 16-ന് മരിയസദനത്തിൽ നടന്ന ചടങ്ങിൽ പ്രേം നസീർ പാടി അഭിനയിച്ച 37 ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചു. കോട്ടയം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീ. സുദേവ് എസ്. ഗാനങ്ങളെ ആസ്പദമാക്കി അനുസ്മരണ പ്രഭാഷണം നടത്തി.
വൈകിട്ട് 5-ന് നടന്ന അനുസ്മരണ സമ്മേളനം പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയ ബിനു ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സണെന്ന നേട്ടം കൈവരിച്ച ദിയ ബിനുവിനെ മരിയസദനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങൾ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും ഡി.വൈ.എസ്.പി. സദൻ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. തുടർന്ന് എസ്.ഐ. സുദേവ് എസ്.-നെ ചെയർപേഴ്സൺ പൊന്നാട അണിയിച്ചു.
മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പോലീസ് പബ്ലിക് ലൈബ്രറി പ്രസിഡന്റ് സിബി മോൻ ഈ. എൻ. അധ്യക്ഷത വഹിച്ചു. സാമൂഹ്യപ്രവർത്തക സിജിത അനിൽ, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീംകുമാർ കെ. സി., കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അനൂപ് അപ്പുക്കുട്ടൻ, വാർഡ് കൗൺസിലർ ജിജി ബെജു കൊല്ലംപറമ്പിൽ എന്നിവർ ആശംസകൾ നേർന്നു. സിനിമാ താരം ചാലി പാലാ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഈരാറ്റുപേട്ട എസ്.ഐ. ബിനോയ് നന്ദി രേഖപ്പെടുത്തി.










