തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനത്തിനായി എത്തും. രാവിലെ 7.30ഓടെ രാജ്ഭവനിൽ നിന്ന് പുറപ്പെട്ട രാഷ്ട്രപതി, തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്ടറിൽ പത്തനംതിട്ടയിലേക്ക് തിരിച്ചു.അവിടെ നിന്ന് റോഡ് മാർഗം പമ്പയിലേക്കാണ് യാത്ര. പമ്പയിൽ ഇരുമുടിക്കെട്ട് നിറച്ചശേഷം, പ്രത്യേക വാഹനത്തിൽ സന്നിധാനത്തേക്ക് പോകും.
സുരക്ഷിതത്വത്തിനായി ഗൂർഖാ ഫോഴ്‌സ് വാഹനങ്ങളാണ് സന്നിധാനത്തേക്ക് നീങ്ങുക. രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദർശിക്കും. രാവിലെ 11.50ഓടെ സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠർ മഹേഷ് മോഹനർ പൂർണകുംഭം നൽകി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20ഓടെ ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും.
ദർശനം പൂർത്തിയാക്കി രാത്രി തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങും. വൈകുന്നേരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ രാഷ്ട്രപതി പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രപതിക്ക് ദേവസ്വം ബോർഡിന്റെ ഉപഹാരമായി കുമ്പിള്‍ തടിയില്‍ കൊത്തിയെടുത്ത അയ്യപ്പ പ്രതിമ നൽകും. രാഷ്ട്രപതി ദർശനം പൂർത്തിയാക്കുന്നതുവരെ മറ്റു തീർത്ഥാടകർക്ക് നിലയ്ക്കലിന് അപ്പുറം പ്രവേശനമുണ്ടാകില്ല. ഒക്ടോബർ 24ന് രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങും.




