ഡല്‍ഹി : രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തി.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം പൂജകളില്‍ പങ്കെടുത്താണ് പ്രധാനമന്ത്രി രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. അയോധ്യയില്‍ ഉയര്‍ന്ന പതാക ധര്‍മ്മ പതാകയെന്നറിയപ്പെടുമെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.
അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്. രാമന്റെയും സീതയുടെയും വിവാഹ പഞ്ചമിയോടനുബന്ധിച്ചുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് ചടങ്ങ് നടക്കുന്നത്.
ചടങ്ങിനുശേഷം പ്രധാനമന്ത്രി തെരഞ്ഞെടുത്ത 700 പേരടങ്ങുന്ന സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു..
പതാക ഉയര്‍ത്തലിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയും അയോധ്യയില്‍ നടന്നിരുന്നു.
സാകേത് കോളേജില്‍ നിന്ന് അയോധ്യാധാം വരെയാണ് റോഡ് ഷോ നടന്നത്. അയോധ്യയിലെത്തിയ മോദി സമീപത്തെ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി.
ഇതിനുശേഷമാണ് അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തല്‍ ചടങ്ങിനെത്തിയത്.
ബിഹാര്‍ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. ചടങ്ങിലേക്ക് അയോധ്യ നിവാസികളെയും ക്ഷണിച്ചിട്ടുണ്ട്. വിവിധ പിന്നാക്ക സമുദായ പ്രതിനിധികളെ അടക്കം ക്ഷണിച്ചിട്ടുണ്ട്.
പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രദേശവാസികളെ ക്ഷണിക്കാത്തത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. ക്ഷേത്രം ഉള്‍പ്പെടുന്ന മണ്ഡലത്തിലടക്കം ബിജെപി തോറ്റിരുന്നു. ആകെ ഏഴായിരം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
പ്രധാന ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കുന്നത്.
അഞ്ച് വര്‍ഷവും മൂന്ന് മാസവും കൊണ്ടാണ് അയോധ്യാ രാമക്ഷേത്രത്തിന്റെ പ്രധാന മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്.




