ന്യൂഡല്‍ഹി: ആണവോര്‍ജ്ജ മേഖലയില്‍ നിര്‍ണായക നിയമ ഭേദഗതിക്ക് ഒരുങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍. രണ്ട് ഭേദഗതികള്‍ ആകും നിലവിലെ നിയമത്തില്‍ വരുത്തുക.ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനായും ന്യൂക്ലിയര്‍ ലയബിലിറ്റി വ്യവസ്ഥയിള്‍ ഇളവ് വരുത്താനുമുള്ള ഭേദഗതികള്‍ വരുത്തും.വരുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇത് അവതരിപ്പിക്കുമെന്നാണ്
റിപ്പോര്‍ട്ട്.
രാജ്യത്തെ ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും വിദേശ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. നിലവിലെ ആണവോര്‍ജ നിയമത്തിലെ രണ്ട് വ്യവസ്ഥകള്‍ ഭേദഗതി ചെയ്‌തേക്കും. ആദ്യമായി ന്യൂക്ലിയര്‍ ലയബിലിറ്റി വ്യവസ്ഥയില്‍ മാറ്റം വരുത്തും.ആണവ അപകടമുണ്ടായാല്‍ ഉപകരണങ്ങള്‍ നല്‍കിയ കമ്പനി നഷ്ടപരിഹാരം നല്‍കുന്നതില്‍ നേരിയ ഇളവ് ഇതിലൂടെ കൊണ്ട് വരും. ഉപകരണങ്ങള്‍ വിതരണം ചെയ്തു ഒരു നിശ്ചിത കാലംവരെ അപകടമുണ്ടായാല്‍ ഉത്തരവാദിത്വം കമ്പനിയുടെതായിരിക്കും എന്ന തരത്തില്‍ ഒരു സമയപരിധി നിശ്ചയിച്ചുകൊണ്ട് വ്യവസ്ഥയില്‍ ഭേദഗതി വരുത്താനാണ് നീക്കം. രണ്ടാമതായി ആണവനിലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യ മേഖലയ്ക്ക് അവസരം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു.ആണവ മേഖലയില്‍ കൂടുതല്‍ വിദേശനിക്ഷേപം ഉറപ്പാക്കാനാണ് നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇന്ത്യ-അമേരിക്ക ആണവ കരാറിന്റെ വാണിജ്യസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവും ഇന്ത്യക്കുണ്ട്.ഇരു രാജ്യങ്ങളുമായി ആണവ കരാര്‍ ഒപ്പിട്ട് ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. വിദേശ നിക്ഷേപങ്ങള്‍ക്ക് നിയമപരമായ തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് ഈ രണ്ട് ഭേദഗതികളിലൂടെ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.






