തിരുവനന്തപുരം: മന്ത്രിമാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിന്റെ രേഖകൾ പുറത്ത്. സ്വകാര്യ വാഹനം ഉപയോഗിക്കാൻ നിലവിൽ അനുമതിയുള്ളത് മൂന്ന് മന്ത്രിമാർക്ക് മാത്രമാണെന്നാണ് രേഖകളിലെ വിവരം. രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, അബ്ദുൾ ഗഫൂർ എന്നിവർക്കാണ് അനുമതിയുള്ളത്.
കെ എം ഷാജിക്ക് സ്വകാര്യ വാഹനം ഉപയോഗിക്കാൻ പൊതുഭരണ വകുപ്പിന്റെ അനുമതി ലഭിച്ചത് ഒരു യാത്രയ്ക്ക് മാത്രമാണെന്നും രേഖകൾ വ്യക്തമാക്കുന്നു. കണ്ണൂരിൽ നിന്ന് കൂർഗിലേക്ക് പോകുന്നതിനായി റേഞ്ച് റോവർ ഉപയോഗിക്കാനായിരുന്നു അനുമതി. സ്വകാര്യ വാഹനം ഔദ്യോഗിക വാഹനമായി സ്ഥിരമായി ഉപയോഗിക്കാൻ അനുമതി നൽകിയുള്ള ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു.
അതേസമയം, സ്വകാര്യ വാഹനം ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന കെ എം ഷാജിയുടെ വാദം രേഖകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യപ്പെടുകയാണ്. സുഹൃത്തിന്റെ റേഞ്ച് റോവർ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുകയും മന്ത്രിയുടെ വാഹന നമ്പറായ 13 പതിക്കുകയും ചെയ്തതോടെയാണ് വിവാദം ഉയർന്നത്.
മന്ത്രിമാർക്ക് സർക്കാർ വാഹനത്തിന് പകരം സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിന് പ്രത്യേക സർക്കാർ ഉത്തരവ് ആവശ്യമാണ്. സർക്കാർ അനുവദിച്ച വാഹനം ഉപയോഗയോഗ്യമല്ലാത്തതിനാലാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്നും സർക്കാരിന്റെ അനുമതിയോടെയാണെന്നുമായിരുന്നു കെ എം ഷാജിയുടെ വിശദീകരണം. വിവാദം ശക്തമായതോടെ റേഞ്ച് റോവർ സുഹൃത്തിന് തിരികെ നൽകുകയും ചെയ്തു. ആവശ്യം വന്നപ്പോഴാണ് വാഹനം നൽകിയതെന്നായിരുന്നു സുഹൃത്തിന്റെ പ്രതികരണം.













