കോട്ടയം: സഹകരണ ബാങ്ക് നിക്ഷേപകരുടെ ജില്ലാതല യോഗം വ്യാഴാഴ്ച പാലായിൽ സഹകരണ ബാങ്കുകളിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നിക്ഷേപത്തുക തിരികെ ലഭിക്കാതെ ദുരിതത്തിലായവരുടെ പ്രശ്നപരിഹാരത്തിനായി രൂപീകരിച്ച ‘ആൾ കേരളാ സഹകരണ ബാങ്ക് നിക്ഷേപക ഫോറത്തിന്റെ’ (AKCDF) കോട്ടയം ജില്ലാതല യോഗം ജനുവരി 8 വ്യാഴാഴ്ച നടക്കും.
പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ടോംസ് ചേമ്പറിൽ ഉച്ചകഴിഞ്ഞ് 2 മണി മുതൽ 5 മണി വരെയാണ് നിക്ഷേപക കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രതിസന്ധി മൂലം നിക്ഷേപകർ തങ്ങളുടെ സമ്പാദ്യം അത്യാവശ്യ ഘട്ടങ്ങളിൽ പോലും ലഭിക്കാതെ വട്ടംചുറ്റുന്ന സാഹചര്യത്തിലാണ് നിക്ഷേപകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇത്തരമൊരു സംഘടന രൂപീകരിച്ചതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങളിൽ സഹകരണ വകുപ്പോ, സംസ്ഥാന സർക്കാരോ, വിവിധ ബാങ്ക് ഭരണസമിതികളോ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ഫോറം ഭാരവാഹികൾ കുറ്റപ്പെടുത്തി. വൻകിട കുടിശ്ശികക്കാരിൽ നിന്ന് തുക ഈടാക്കാൻ ജപ്തി ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിന് പകരം അവർക്ക് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാന വ്യാപകമായി നിക്ഷേപകർ സംഘടിച്ചാൽ മാത്രമേ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് അനുകൂല നിലപാട് ഉണ്ടാവുകയുള്ളൂ എന്ന ബോധ്യത്തിലാണ് അങ്കമാലിയിൽ ചേർന്ന യോഗത്തിൽ സംഘടനയ്ക്ക് രൂപം നൽകിയത്.
സാമ്പത്തിക പ്രതിസന്ധി മൂലം പണം തിരികെ ലഭിക്കാൻ തടസ്സ നേരിടുന്ന ജില്ലയിലെ എല്ലാ സഹകരണ ബാങ്ക് നിക്ഷേപകരും പാലായിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട്, ബിനു മാത്യൂസ് മാക്കിയിൽ, ലോസൺ ഭരണങ്ങാനം, സണ്ണി സേവ്യർ ഈരാറ്റുപേട്ട, ജൂലിയസ് കണിപ്പള്ളിൽ എന്നിവർ പങ്കെടുത്തു.




