പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസ പ്രശ്നത്തിൽ സർക്കാരിന് പിന്തുണ അറിയിച്ചു എന്ന ആരോപണത്തെ തുടർന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ അതേ സമുദായത്തിൽ നിന്ന് തന്നെ പ്രതിഷേധം ഉയരുന്നു. പത്തനംതിട്ട വെട്ടിപ്രം കരയോഗം കെട്ടിടത്തിന് മുൻവശത്താണ് വിമർശന ബാനർ ഉയർന്നത്.
“കട്ടപ്പയായി മാറി സുകുമാരൻ നായർ”, “കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്ന് കുത്തി, പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട്” തുടങ്ങിയ വാക്കുകളോടെയാണ് ബാനറിൽ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. ബാനർ ആരാണ് സ്ഥാപിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. ഇന്ന് രാവിലെ മുതൽ ബാനർ കെട്ടിടത്തിനു മുന്നിൽ സ്ഥാപിച്ച നിലയിലാണ്.
ശബരിമല വിഷയത്തിൽ “ഈ സർക്കാരിൽ വിശ്വാസമുണ്ട്” എന്ന പരാമർശം നടത്തിയ ജി. സുകുമാരൻ നായർ, ഭരണകക്ഷിയായ സി.പി.എം സർക്കാരിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. കോൺഗ്രസിനെയും ബിജെപിയെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു. എൻഎസ്എസിന്റെ ഈ സമീപനം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും കാര്യമായ പ്രതിഫലനം സൃഷ്ടിച്ചിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള എൻഎസ്എസ് നേതൃത്വത്തിന്റെ അകൽച്ചയും കോൺഗ്രസിന്റെ രാഷ്ട്രീയത്തിൽ പ്രതികൂലമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എൻഎസ്എസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് ആരംഭിച്ചിരിക്കുകയാണ്. കെപിസിസി നേതൃത്വം ഉടൻ എൻഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തും.




