തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും. ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഓരോ ദിവസവും പുതിയ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ എല്ലാ വസ്തുതകളും പരിശോധിച്ച ശേഷമേ തുടർനിയമനടപടികളിലേക്ക് കടക്കൂവെന്നാണ് സൂചന.
അന്വേഷണത്തിന്റെ ആദ്യഘട്ടമായി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികൾക്കാണ് ഇന്ന് തുടക്കമാകുന്നത്. ക്രമക്കേട് ആരോപിക്കപ്പെടുന്ന നിയമനങ്ങളും തസ്തികകളും സംബന്ധിച്ച വിശദാംശങ്ങൾ പരാതിക്കാരിൽ നിന്ന് ശേഖരിക്കും. മൊഴി നൽകുന്നതിനായി എപ്പോൾ, എവിടെ ഹാജരാകണമെന്ന വിവരങ്ങൾ ഉൾപ്പെടുത്തിയ നോട്ടീസ് ഇന്ന് മുതൽ പരാതിക്കാർക്ക് കൈമാറും.
അതേസമയം, പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട നിയമന രേഖകളും വിവരങ്ങളും കൈമാറാൻ ആവശ്യപ്പെട്ട് കേരള പബ്ലിക് സർവീസ് കമ്മീഷന് അന്വേഷണ സംഘം ഉടൻ നോട്ടീസ് നൽകും. തിങ്കളാഴ്ച തന്നെ ഔദ്യോഗിക നോട്ടീസ് കൈമാറാനാണ് സാധ്യത. വിവിധ നിയമനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും അന്വേഷണത്തിനായി ഹാജരാക്കണമെന്നാണ് പ്രധാന ആവശ്യം.
സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ക്രമക്കേട് നടന്നിട്ടുണ്ടോ, ഉണ്ടായിട്ടുണ്ടെങ്കിൽ ഏത് ഘട്ടത്തിലാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തുകയാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം.
പ്രാഥമിക അന്വേഷണഘട്ടത്തിൽ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അന്വേഷണസംഘം ഉദ്ദേശിക്കുന്നില്ലെന്നാണ് വിവരം. പരാതിക്കാരുടെ മൊഴിയും ലഭ്യമായ രേഖകളും വിശദമായി പരിശോധിച്ച ശേഷമേ കേസെടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളിൽ അന്തിമ തീരുമാനം കൈക്കൊള്ളൂ.











