തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫണ്ടിന്റെ ഉപയോഗത്തിൽ ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടർന്ന് കേരള ബിജെപിയിൽ വലിയ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. ആരോപണങ്ങളിൽ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം സംസ്ഥാന നേതൃത്വം നടപടികൾ ആരംഭിച്ചതായാണ് വിവരം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു കോടി കൊടികൾ നിർമ്മിക്കാനുള്ള ഏകദേശം മൂന്നര കോടി രൂപയുടെ കരാറിലാണ് പ്രധാന ക്രമക്കേട് നടന്നതെന്നാണ് പരാതി. കേന്ദ്രത്തിൽ നിന്ന് കൊടികൾ ലഭിക്കാൻ വൈകിയ സാഹചര്യത്തിൽ, പാർട്ടിയിലെ ചില നേതാക്കൾ സ്വകാര്യ കമ്പനി രൂപീകരിച്ച് കരാർ നൽകിയെന്നാണ് ആരോപണം. ഈ ഇടപാടിലൂടെ 54 ലക്ഷം രൂപ കമ്മീഷൻ കൈപ്പറ്റിയതായും പരാതിയുണ്ട്. പിന്നീട് കേന്ദ്രത്തിൽ നിന്ന് എത്തിയ കൊടികൾ ഉപയോഗിക്കാതെ പാർട്ടി ഓഫീസിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹെലികോപ്റ്റർ വാടകയിലും വാഹന വാടകയിലും സാമ്പത്തിക ക്രമക്കേട് നടന്നതായും ആരോപണമുണ്ട്. മൂന്ന് ഹെലികോപ്റ്ററുകൾക്ക് 136 മണിക്കൂർ ഉപയോഗത്തിനായി കരാർ നൽകിയെങ്കിലും 42 മണിക്കൂർ മാത്രമാണ് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ആവശ്യത്തിനായി വാടകയ്‌ക്കെടുത്ത 200 കാറുകളിൽ പലതും ഉപയോഗിക്കാതെ തന്നെ ട്രിപ്പ് ഷീറ്റുകളിൽ ക്രമക്കേട് നടത്തി വലിയ തുക തട്ടിയെടുത്തതായും പരാതിയുണ്ട്. സോഷ്യൽ മീഡിയ പ്രചാരണത്തിനായി ചെലവഴിച്ച തുകയെക്കുറിച്ചും സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
ആരോപണങ്ങൾ നേരിടുന്ന ചില സംസ്ഥാന ഭാരവാഹികളെ നിലവിലെ ചുമതലകളിൽ നിന്ന് മാറ്റാൻ പാർട്ടി നേതൃത്വം തീരുമാനിച്ചതായാണ് വിവരം. വരാനിരിക്കുന്ന പുനഃസംഘടനയിൽ ഇവർക്ക് സ്ഥാനങ്ങൾ ലഭിക്കാനിടയില്ലെന്നും റിപ്പോർട്ടുകളുണ്ട്. വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത മറ്റൊരു സംസ്ഥാന സെക്രട്ടറിയുടെയും സ്ഥാനത്തെക്കുറിച്ച് നേതൃത്വത്തിൽ ചർച്ച നടക്കുന്നുണ്ടെന്നാണ് സൂചന.
അതേസമയം, അച്ചടക്ക നടപടികൾ പാർട്ടിയുടെ ആഭ്യന്തര വിഷയമാണെന്നും അത് പൊതുസമൂഹത്തെയോ മാധ്യമങ്ങളെയോ ബാധിക്കുന്ന കാര്യമല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ക്രമക്കേടിൽ പങ്കുണ്ടെന്ന് ആരോപണമുള്ളവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കുന്ന കാര്യം അദ്ദേഹം കോർ കമ്മിറ്റി അംഗങ്ങളെ അറിയിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.




