ദോഹ: റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മോസ്‌കോ സന്ദർശനം. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ വിവിധ മേഖലകളിലെ സഹകരണത്തിന് ഇരുനേതാക്കളും ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. രണ്ട് ബില്യൺ യൂറോയുടെ സംയുക്ത നിക്ഷേപ ഫണ്ടിനാണ് ധാരണയായത്.
ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സയൻസ്, സ്‌പോർട്‌സ് തുടങ്ങിയ മേഖലകളിലും കൂടുതൽ സഹകരണത്തിന് ഇരു രാജ്യങ്ങളും ധാരണയായി. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം റഷ്യൻ സന്ദർശനത്തിനെത്തിയ ഖത്തർ അമീറിനോടോപ്പം ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഉൾപ്പെടെയുണ്ടായിരുന്നു. 2018 ലായിരുന്നു അമീറിന്റെ അവസാന റഷ്യൻ സന്ദർശനം.




