തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 14 ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. ജില്ലയിലെ ബ്രൈമൂറിൽ 170.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലകളിലും ഇന്നലെ ശക്തമായ മഴ ലഭിച്ചു. അച്ചൻകോവിൽ, അമ്പനാട് മേഖലകളിൽ അതിശക്തമായ മഴയാണ് പെയ്തത്. അമ്പനാട് പ്രിയ എസ്റ്റേറ്റിൽ മഴയെ തുടർന്ന് റോഡുകൾ തകർന്നു. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും മഴ ശക്തമായി തുടരുകയാണ്.
രാജ്യത്തുനിന്ന് കാലവർഷം പൂർണമായി പിൻവാങ്ങിയതിന് പിന്നാലെ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ മേഖലകളിൽ വടക്കുകിഴക്കൻ മൺസൂൺ അഥവാ തുലാവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിന് പുറമേ തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, മാഹി എന്നിവിടങ്ങളിലും തുലാവർഷം ആരംഭിച്ചിട്ടുണ്ട്. ഡിസംബർ വരെ തുലാവർഷം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വടക്കൻ കാറ്റ് ശക്തമായ സാഹചര്യത്തിൽ വരും ദിവസങ്ങളിലും മഴ ശക്തമാകാൻ സാധ്യതയുണ്ട്. വൈകുന്നേരങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. മലയോര, തീരദേശ മേഖലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്ന ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.




