ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഈ ആവശ്യം അദ്ദേഹം ഹൈക്കമാൻഡ് നേതൃത്വത്തെ അറിയിച്ചതായിയാണ് റിപ്പോർട്ട്. പാർട്ടിയിൽ ജാതി സമവാക്യങ്ങൾ മാത്രം നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അർഹത, യോഗ്യത, പ്രവർത്തന പരിചയം എന്നിവയാണ് പ്രധാന മാനദണ്ഡങ്ങളാകേണ്ടതെന്നും ഉണ്ണിത്താൻ പറഞ്ഞു.
1978 മുതലുള്ള തന്റെ സംഘടനാ പ്രവർത്തന പാരമ്പര്യം പരിഗണിക്കണമെന്നും അദ്ദേഹം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. പാർട്ടി സംഘടനാ തലത്തിലുള്ള നിയമനങ്ങളിൽ ജാതി-സമുദായ സമവാക്യങ്ങൾക്ക് മുൻഗണന നൽകുന്നത് പാർട്ടിയുടെ വളർച്ചയെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഗ്രൂപ്പ് താൽപര്യങ്ങൾക്കും സമുദായ സമവാക്യങ്ങൾക്കും അപ്പുറം പ്രവർത്തിക്കുന്ന നേതാക്കളെ മുന്നിലേക്ക് കൊണ്ടുവരണം എന്നും അദ്ദേഹം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.






