ബെംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ അപ്രതീക്ഷിത പ്രതിസന്ധി. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ബെംഗളൂരു നഗര വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ നടപടി. പുതിയ മന്ത്രിസഭ രൂപീകരിച്ച് ദിവസങ്ങൾക്കകം ഉണ്ടായ ഈ സംഭവം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാവുകയാണ്.
വാർത്താസമ്മേളനത്തിൽ സംസാരിച്ച രാമലിംഗ റെഡ്ഡി, മന്ത്രിസ്ഥാനം നൽകിയതിന് പാർട്ടി നേതൃത്വത്തോട് നന്ദി അറിയിച്ചെങ്കിലും മനസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. നിയമസഭാംഗമായും പാർട്ടി പ്രവർത്തകനായും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനം ലഭിക്കാത്തതല്ല തന്റെ പ്രതിഷേധത്തിന് കാരണമെന്നും, നൽകിയ വാഗ്ദാനം പാലിക്കാത്തതാണ് രാജിക്ക് പിന്നിലെ കാരണമെന്നും റെഡ്ഡി വിശദീകരിച്ചു. ബെംഗളൂരു നഗര വികസന വകുപ്പ് നൽകാമെന്ന് ഉറപ്പുനൽകിയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
എട്ടുതവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട റെഡ്ഡി, ബെംഗളൂരു നഗരത്തിന്റെ വികസന ചുമതലയുള്ള വകുപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ അദ്ദേഹത്തിന് അനുവദിക്കപ്പെട്ടത് വലിയ-ഇടത്തരം ജലസേചന വകുപ്പാണ്. ബെംഗളൂരു വികസന വകുപ്പ് ഒഴികെയുള്ള മറ്റേതെങ്കിലും വകുപ്പ് ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് അദ്ദേഹം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, രാഹുൽ ഗാന്ധി ഇന്ന് ബെംഗളൂരുവിലെത്താനിരിക്കെയാണ് രാജി പ്രഖ്യാപനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നാമനിർദേശ പത്രികാ സമർപ്പണ ചടങ്ങിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം.






