രൺബീർ കപൂർ, യഷ്, സായ് പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘രാമായണ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഇന്ന് പുലർച്ചെ 4.15-നാണ് ട്രെയ്‌ലർ ആഗോളതലത്തിൽ റിലീസ് ചെയ്തത്.
ആദ്യം ജൂലൈ 24-ന് ട്രെയ്‌ലർ പുറത്തിറക്കാനായിരുന്നു തീരുമാനം. എന്നാൽ, സോണി പിക്‌ചേഴ്‌സ് എന്റർടെയ്ൻമെന്റുമായി ചേർന്ന് ലോകമെമ്പാടും വലിയ രീതിയിൽ റിലീസ് ചെയ്യുന്നതിനായി റിലീസ് തീയതി മാറ്റുകയായിരുന്നു.
ഡൽഹിയിൽ നടന്ന ‘രാമായണം: പ്രഥം സങ്കൽപ്പ്’ പരിപാടിയിൽ ക്ഷണിക്കപ്പെട്ട പ്രേക്ഷകർക്കായി ട്രെയ്‌ലർ നേരത്തെ പ്രദർശിപ്പിച്ചിരുന്നു. സാന്റിയാഗോ കോമിക്-കോണിലും ട്രെയ്‌ലർ അവതരിപ്പിച്ചിരുന്നു.
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ രാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയും, രാവണനായി യഷും അഭിനയിക്കുന്നു. ലക്ഷ്മണനായി രവി ദുബെയും, ഹനുമാനായി സണ്ണി ഡിയോളും എത്തുന്നു.
ശോഭന, ലാറ ദത്ത, വിവേക് ഒബ്റോയ്, അരുൺ ഗോവിൽ, രാകുൽ പ്രീത് സിങ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നമിത് മൽഹോത്രയുടെ ഡി.എൻ.ഇ.ജി.യും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് ഇന്ത്യയിൽ ചിത്രം വിതരണം ചെയ്യും. ചിത്രത്തിന്റെ ആദ്യഭാഗം 2026-ലെ ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.




