ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച സംഭവത്തില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ്. സിആര്‍പിഎഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍ എല്ലാ മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും പാലിച്ചാണ് നടപടിയെടുത്തതെന്ന് കണ്ടെത്തിയത്. ഇതോടെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പായി.
സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പെല്ലറ്റ് പരിക്കേറ്റിരുന്നു. പ്രതിഷേധക്കാര്‍ കല്ലേറ് നടത്തിയ സാഹചര്യത്തിലാണ് പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോണ്‍നോട്ട് പ്ലേസ് ഭാഗത്ത് വിന്യസിച്ചിരുന്ന ആര്‍എഎഫ് ഉദ്യോഗസ്ഥനാണ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതെന്നും രണ്ട് റൗണ്ട് നിലത്തേക്ക് വെടിവെച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആര്‍എഎഫ് ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ജി.പി. സിംഗും രംഗത്തെത്തി. രാജ്യത്തിന്റെ സുരക്ഷയ്ക്കായി കര്‍ത്തവ്യം നിര്‍വഹിക്കുന്ന സേനാംഗങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും ഉത്തരവാദിത്തം ആവശ്യമായിടത്ത് ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ താന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പെല്ലറ്റ് പ്രയോഗത്തില്‍ ഗുരുഗ്രാമില്‍ ജോലി ചെയ്യുന്ന 25-കാരന്, ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിയായ 19-കാരന് സഹില്‍, 25 വയസുള്ള ഒരു മാധ്യമപ്രവര്ത്തകന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ പെല്ലറ്റ് പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.




