മലപ്പുറം: കുറ്റിപ്പുറം–തൃശൂർ സംസ്ഥാനപാതയിൽ ചങ്ങരംകുളം സ്വകാര്യ ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വയനാട് സ്വദേശി നരോത്ര സന്തോഷിന്റെ മകൻ സെൽബിൻ (24) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് പടിഞ്ഞാറെത്തറ സ്വദേശി അമൽ (29) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെയായിരുന്നു അപകടം. വയനാട്ടിൽ നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സെൽബിനും അമലും സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സെൽബിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അമലിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സെൽബിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നിയമനടപടികളും പോസ്റ്റുമോർട്ടവും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.











