വയനാട്: കേരളത്തെ നടുക്കിയ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിട്ട് ഇന്ന് രണ്ട് വർഷം. 298 പേരാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. കാണാതായ 32 പേരെ കൂടി പിന്നീട് മരിച്ചതായി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു. ജീവനോടെ ബാക്കിയായ മനുഷ്യരുടെ ഉള്ളിലെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. ജീവൻ നഷ്ടമായവരുടെ ഓർമ പുതുക്കി പുത്തുമലയിലെ ഹൃദയഭൂമിയിൽ ഇന്ന് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും.
മണ്ണും മലവെള്ളവും പാറക്കെട്ടുകളും ഒറ്റയടിക്ക് വന്ന് മൂന്ന് ഗ്രാമങ്ങളെ ഒന്നാകെ വിഴുങ്ങുകയായിരുന്നു. പുഞ്ചിരിമട്ടത്ത് നിന്ന് പൊട്ടിയിറങ്ങി മുണ്ടക്കൈയിലും ചൂരൽമലയിലും ഇരച്ചിറങ്ങി കവർന്നത് ഈ മൂന്ന് ഗ്രാമങ്ങളും നൂറുകണക്കിന് ജീവനുകളും അവിടുത്തെ മനുഷ്യരുടെ പ്രതീക്ഷകളുമാണ്. പിന്നീട് ഇന്ന് വരെ നിശ്ചലമാണ് പുഞ്ചിരിമട്ടവും മുണ്ടക്കൈയും. പഴയ ഗ്രാമങ്ങളെ അടയാളപ്പെടുത്തുന്നതൊന്നും ഇന്നിവിടെയില്ല











