തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസില്‍, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ച് സര്‍ക്കാര്‍.
മുന്‍ നിയമ സെക്രട്ടറി അഡ്വ. ബി. ജി. ഹരീന്ദ്രനാഥിനെ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വിട്ട് നല്കാത്തത് കേസിലെ പരാതിക്കാരിയായ സി. റാണിറ്റ് തുറന്ന് പറഞ്ഞിരുന്നു.
സിസ്റ്ററുടെ തുറന്നുപറച്ചിലിന്റെ ആറാം നാളാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. സര്‍ക്കാര്‍ നടപടിയില്‍ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ റാണിറ്റ് പ്രതികരിച്ചു.
ഒടുവില്‍ ധീരമായ ആ തുറന്നുപറച്ചില്‍ ഭരണകൂടം കേട്ടു. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിലെ പരാതിക്കാരി സിസ്റ്റര്‍ റാണിറ്റാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കായുള്ള കാത്തിരിപ്പിനെ കുറിച്ച് തുറന്ന് പറഞ്ഞത്. മുട്ടാത്ത വാതിലുകള്‍ ഇല്ല.
പരാതി നല്‍കാത്ത ഇടമില്ല. നാല് വര്‍ഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അനുവദിക്കാത്തതിന്റെ സങ്കടം സി.റാണിറ്റ് മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.
ഇതേതുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. മുന്‍ നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് കേസില്‍ ഇനി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാകും .
ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് വിധിയെഴുതിയാണ് കോട്ടയത്തെ വിചാരണ കോടതി ഫ്രാങ്കോയെ വെറുതെവിട്ടത്.
സര്‍ക്കാരും സിസ്റ്റര്‍ റാണിറ്റും നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സ്ഥാനമൊഴിഞ്ഞ ഫ്രാങ്കോ ശക്തനായി പുറത്ത് നില്‍ക്കുമ്പോള്‍ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണമെന്നായിരുന്നു സിസ്റ്റര്‍ റാണിറ്റ് നിരന്തരം ആവശ്യപ്പെട്ടത്.




