കൊച്ചി: തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ റാപ്പർ വേടൻ പരാതി നൽകി. സൗദി അറേബ്യയിൽ പന്നിയിറച്ചി വിഭവങ്ങൾ വിളമ്പുന്ന ഹോട്ടൽ തുടങ്ങാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയ്ക്കെതിരെയാണ് സംസ്ഥാന പൊലീസ് മേധാവിക്കും ആലുവ റൂറൽ പൊലീസിനും വേടൻ പരാതി നൽകിയത്.
തനിക്കെതിരെ ബോധപൂർവം തെറ്റായ പ്രചാരണം നടത്തുകയാണെന്നും പരിപാടികൾ കൂടുതൽ ലഭിക്കാൻ സാധ്യതയുള്ള സമയങ്ങളിൽ ചിലർ ഗൂഢാലോചന നടത്തി അപവാദ പ്രചാരണം നടത്തുകയാണെന്നും വേടൻ ആരോപിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണ ഇത്തരം പ്രചാരണങ്ങൾക്ക് മറുപടി നൽകാറില്ലെന്നും എന്നാൽ ഇത്തവണ പ്രതികരിക്കാതെ വയ്യെന്നും വ്യക്തമാക്കിയാണ് വേടൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്. തന്നെ ലക്ഷ്യമിട്ട് നടത്തുന്ന വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
സൗദി അറേബ്യയിൽ പന്നിയിറച്ചി വിഭവങ്ങൾ വിളമ്പുന്ന റെസ്റ്റോറന്റ് ചെയിൻ തുടങ്ങാൻ പോകുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയെന്നുമുള്ള പ്രചാരണം പൂർണമായും തെറ്റാണെന്ന് വേടൻ വ്യക്തമാക്കി.
സൗദി അറേബ്യയിലോ മറ്റേതെങ്കിലും ഗൾഫ് രാജ്യത്തോ ഹോട്ടലോ റെസ്റ്റോറന്റോ ഭക്ഷണ ബിസിനസോ ആരംഭിക്കാൻ തനിക്ക് പദ്ധതിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കമ്പനിയോ പങ്കാളിയോ അപേക്ഷയോ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പെർഫോമിംഗ് ആർട്ടിസ്റ്റ് എന്ന നിലയിൽ പരിപാടി സംഘാടകരുടെ ക്ഷണപ്രകാരമാണ് സൗദിയിലേക്ക് പോകുന്നതെന്നും താൻ സന്ദർശിക്കുന്ന ഓരോ രാജ്യത്തിന്റെയും നിയമങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും എന്നും ബഹുമാനിച്ചിട്ടുണ്ടെന്നും വേടൻ വ്യക്തമാക്കി.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും വേടൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അറിയിച്ചത്.


