ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടി റേഷൻ തിരിമറി നടന്ന സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ജില്ലാ കലക്ടർ. ഒന്നര വർഷത്തിനിടെ റേഷൻ കടകളിൽ നിന്ന് 65 ടൺ അരി കാണാതായതായി കണ്ടെത്തിയിട്ടുണ്ട്.
പരാതിയെ തുടർന്ന് പരിശോധനയ്ക്ക് എത്തിയ കേരള സ്റ്റേറ്റ് ഫുഡ് കമ്മീഷൻ ചെയർമാൻ നേരിട്ട് സ്ഥലം സന്ദർശിച്ചതിനുശേഷമാണ് നടപടി ശക്തമാക്കിയത്. വിതരണ ചുമതലയുള്ള ഗിരിജൻ സർവീസ് സൊസൈറ്റിക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുകയും ക്രിമിനൽ കേസ് എടുക്കുകയും ചെയ്യും.
ഒരു മാസമായി റേഷൻ ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് ദേവികുളം താലൂക്ക് സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്ത് വന്നത്. തുടർന്ന് വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. 2024 മുതൽ 2026 വരെയുള്ള കണക്കു പ്രകാരം 70 ടൺ അരി സ്റ്റോക്കുണ്ടായിരിക്കേണ്ടതായിരുന്നു.
എന്നാൽ പരിശോധനയിൽ കണ്ടെത്താനായത് വെറും 5 ടൺ മാത്രമാണ്. ബാക്കി അരി എങ്ങനെ നഷ്ടപ്പെട്ടു, ആരിലേക്ക് തിരിമറി നടത്തി എന്നീ കാര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന്റെ യാഥാർത്ഥ്യം കണ്ടെത്തി കർശന നടപടി സ്വീകരിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.




