കോഴിക്കോട്: കോൺഗ്രസ് സ്ഥാനാർഥി നിർണ്ണയത്തിൽ പെരുവയലിലും പൂവാട്ടുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ഭിന്നത. പൂവാട്ടുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ രാധാഹരി ദാസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെതിരെ മഹിളാ കോൺഗ്രസിന്റെ മുൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ടുമായ അനിത അനീഷ് റിബൽ സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു.
ഡി.സി.സി നേരത്തെ എടുത്ത തീരുമാനത്തെ മറികടന്നാണ് രാധാഹരി ദാസ് സ്ഥാനാർഥിയായതെന്നതാണ് ഇവരുടെ ആരോപണം. അതേസമയം, പെരുവയൽ ഗ്രാമ പഞ്ചായത്തിലെ 9-ാം വാർഡിലും കോൺഗ്രസിൽ റിബൽ പ്രശ്നം രൂക്ഷമാണ്. ഇവിടെ കോൺഗ്രസിലെ സി.കെ. സൈതലവിയാണ് റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്നത്. ഇതേ വാർഡിൽ യു.ഡി.എഫിന്റെ പെരുവയൽ പഞ്ചായത്ത് കൺവീനർ സി.കെ. സദാശിവനും മത്സരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ യു.ഡി.എഫിന് തന്നെ തലവേദനയായി മാറിയിരിക്കുകയാണ്.










