തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാ നിയമന തട്ടിപ്പ് വിവാദത്തിനിടെ ഇന്ന് പിഎസ്‌സിയുടെ നിർണായക യോഗം ചേരും. പിഎസ്‌സി അംഗങ്ങൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയ സാഹചര്യവും യോഗത്തിൽ ചർച്ച ചെയ്തേക്കും.
ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന നിലപാടിലാണ് പിഎസ്‌സി. അതേസമയം, ചോദ്യം ചെയ്യലിനായി പിഎസ്‌സി ആസ്ഥാനത്തേക്ക് എത്തില്ലെന്ന് ക്രൈം ബ്രാഞ്ചും വ്യക്തമാക്കിയിട്ടുണ്ട്. തുടർനടപടികൾ സംബന്ധിച്ച് യോഗത്തിൽ ചർച്ച നടത്തുമെന്നാണ് വിവരം.
ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട് പരീക്ഷയിലെ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്ന ആരോപണം നേരത്തെ വിവാദമായിരുന്നു. ഒരു ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് ലഭിച്ചതും വലിയ ചർച്ചകൾക്ക് വഴിവെച്ചു.
നിയമനവുമായി ബന്ധപ്പെട്ട രേഖകൾ പിഎസ്‌സി ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ചോദ്യപേപ്പർ, ഉത്തരസൂചിക, അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗാർഥികളുടെ വിവരങ്ങൾ, മാർക്ക് ഷീറ്റ് എന്നിവയാണ് അന്വേഷണ സംഘത്തിന് കൈമാറിയത്.












