പാലക്കാട്: എലപ്പുള്ളി മേനോൻപാറ ഷുഗർഫാക്ടറിക്ക് സമീപം റോഡരികിലെ മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതി. ഒരാഴ്ചമുൻപ് മരം റോഡിലേക്കുവീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഈസമയം ഇതുവഴി മറ്റു വാഹനങ്ങൾ പോകാത്തതിനാൽ വൻ അപകടം ഒഴിവായി.
40 വർഷത്തിലേറെ പഴക്കമുള്ള ആറ് മരങ്ങളാണ് അപകടഭീഷണിയായുള്ളത്. മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഇതിൽ റോഡിന് സമീപത്തുതന്നെ വീടിനുമുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളുമുണ്ട്. കഞ്ചിക്കോട്ടുനിന്നും ചുള്ളിമടഭാഗത്തുനിന്നുമൊക്കെ കൊഴിഞ്ഞാമ്പാറയിലേക്കും പൊള്ളാച്ചിയിലേക്കും നിരവധി വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്.
അപകടഭീഷണി ഉയർത്തുന്ന മരങ്ങൾക്ക് എതിർവശത്താണ് വിദേശമദ്യവിൽപ്പനശാല സ്ഥിതിചെയ്യുന്നത്. ഇവിടേക്ക് നിരവധിപേർ ദിവസവും എത്തുന്നുണ്ട്. മരം മുറിച്ചു മാറ്റാത്തതിനാൽ ഇതുവഴിവരുന്നതുതന്നെ പ്രയാസമാണെന്നാണ് യാത്രക്കാരും പറയുന്നത്.
നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഒരുവർഷംമുൻപ് പൊതുമരാമത്ത് വകുപ്പ് ചില്ലകൾ വെട്ടിമാറ്റിയെങ്കിലും മരം മുറിച്ചുമാറ്റുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ദിവസങ്ങൾക്കുമുൻപ് മരം കടപുഴകി റോഡിലേക്ക് വീണപ്പോൾ അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മണിക്കൂറുകളോളമെടുത്താണ് റോഡിൽനിന്ന് നീക്കിയത്.
മരം മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ പരിഗണനയിലുണ്ടെന്ന് പൊതുമരാമത്ത് അധികൃതർ വ്യക്തമാക്കി.










