ന്യൂഡൽഹി: പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സൂപ്പർ താരം രോഹൻ ബൊപ്പണ്ണ. ഇരുപത് വർഷത്തിലേറെയായി ദേശീയ-അന്തർദേശീയ വേദികളിൽ തിളങ്ങിയ ബൊപ്പണ്ണയുടെ അവസാന മത്സരം പാരീസ് മാസ്റ്റേഴ്‌സിലായിരുന്നു. കസാക്കിസ്ഥാന്റെ അലക്സാണ്ടർ ബുബ്ലിക്കിനൊപ്പമുള്ള ഡബിൾസിൽ ആദ്യ റൗണ്ടിൽ തോൽവിയേറ്റുവാങ്ങിയതോടെയാണ് കരിയറിന് വിരാമമിട്ടത്.
“എ ഗുഡ്‌ബൈ… ബട്ട് നോട്ട് ദി എൻഡ്” എന്ന തലക്കെട്ടിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വൈകാരിക കുറിപ്പിൽ തന്റെ ജന്മനാടായ കൂർഗിൽ നിന്ന് ലോക ടെന്നീസിലേക്കുള്ള യാത്രയെപ്പറ്റി ബൊപ്പണ്ണ പറയുന്നു.
2024-ൽ ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടി, ഗ്രാൻഡ് സ്ലാം വിജയിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ പുരുഷ താരമായെന്ന റെക്കോർഡും ബൊപ്പണ്ണ സ്വന്തമാക്കി. 2017-ൽ ഗബ്രിയേല ഡാബ്രോവ്‌സ്‌കിക്കൊപ്പം ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം നേടിയതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗ്രാൻഡ് സ്ലാം നേട്ടം.
ഡേവിസ് കപ്പ്, ഒളിമ്പിക്സ്, പ്രമുഖ ഗ്രാൻഡ് സ്ലാം മത്സരങ്ങൾ തുടങ്ങി നിരവധി അന്തർദേശീയ അവിസ്മരണീയ പോരാട്ടങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ബൊപ്പണ്ണ, 2023-ൽ ദേശീയ ചുമതലകളിൽ നിന്ന് പിന്മാറിയിരുന്നു. തന്റെ അനുഭവങ്ങൾ ഇന്ത്യൻ വെൽസ് അടക്കമുള്ള പ്രമുഖ ടൈറ്റിലുകളിലൂടെ സമ്പന്നമാക്കിയ ബൊപ്പണ്ണ, ഇന്ത്യന്‍ ടെന്നീസിന്റെ ഇതിഹാസങ്ങളിലൊരാളായി വിരമിക്കുകയാണ്.




