അങ്കമാലി: 1965 മുതലുള്ള തെരഞ്ഞെടുപ്പുകളിലെ ചരിത്രം പരിശോധിച്ചാൽ എട്ട് തവണ വലത്തോട്ടും ആറുതവണ ഇടത്തോട്ടും ചാഞ്ഞ മണ്ഡലമാണ് അങ്കമാലി. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും വാർഡുകളിലുടനീളം ഇടകലർന്ന് താമസിക്കുന്ന മണ്ഡലമായതുകൊണ്ടുതന്നെ ഒരു സമുദായത്തിനും ഇവിടെ ഏകപക്ഷീയമായ ആധിപത്യമില്ല. കൊച്ചി മെട്രോ ഉള്‍പ്പെടെ അങ്കമാലിയിലേക്ക് നീട്ടണമെന്ന ആവശ്യാം ചർച്ച ചെയ്യുന്ന പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് എന്നതും ഏറെ ശ്രദ്ധേയമാണ്. സ്ഥാനാർത്ഥിയുടെ വിശ്വാസ്യത, പ്രാദേശിക ബന്ധങ്ങൾ, സംഘടനാ കരുത്ത് എന്നിവയാണ് ഇവിടെ വിജയിയെ തീരുമാനിക്കുന്നത്.
2016ലും 2021ലും മണ്ഡലത്തിൽ നിന്ന് വിജയിച്ച റോജി എം ജോൺ തന്നെയാണ് ഇപ്രാവശ്യവും കോൺഗ്രസിൻ്റെ സ്ഥാനാർഥി. തുടർച്ചയായി പത്ത് വര്‍ഷം മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തിട്ടും റോജി എം ജോണിന് എംഎൽഎ എന്ന നിലയിൽ അവകാശപ്പെടാവുന്ന നേട്ടമൊന്നും ഉണ്ടായിട്ടില്ല. സാജു പോളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പെരുമ്പാവൂരിനെ മൂന്ന് തവണ നിയമസഭയില്‍ പ്രതിനിധീകരിച്ചതിന് ശേഷമാണ് സാജു പോള്‍ അങ്കമാലിയിലെത്തുന്നത്. ഏറെ ശ്രദ്ധേയമാകുന്നത് ട്വന്‍റി20 പാർട്ടിയാണ്. ട്വന്‍റി20 യുടെ പ്രോമി കുര്യാക്കോസാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സര രംഗത്തുള്ളത്. ഇടത്തോട്ടും വലത്തോട്ടും ഒരുപോലെ തോൾ കൊടുത്ത മണ്ഡലമായതു കൊണ്ട് തന്നെ ഇത്തവണത്തെ ജനവിധി പ്രവചിക്കാൻ കഴിയാത്തതാണ്.




