കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ കോഴിക്കോട് കോർപ്പറേഷനിൽ നടന്ന കൗൺസിലിൽ പരസ്പരം കൊമ്പുകോർത്ത് ഭരണപ്രതിപക്ഷ അംഗങ്ങൾ. നഗര ശുചീകരണത്തിന് താൽക്കാലിക തൊഴിലാളികളെ നിയമിച്ചതുമായി ബന്ധപ്പെട്ട വാക്കു തർക്കങ്ങളാണ് കൗൺസിൽ യോഗം പെട്ടെന്ന് അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചത്. യോഗത്തിലെ ഇരുപത്തിരണ്ടാമത് അജണ്ട ചർച്ച ചെയ്യുന്നതിനിടെയാണ് കൗൺസിലിൽ അസാധാരണ രംഗങ്ങൾ അരങ്ങേറിയത്. കോർപ്പറേഷനിലെ നിയമനം പാർട്ടി ഓഫീസിൽ നിന്നും നേരിട്ടാണ് നടത്തുന്നതെന്നും സിപിഎം ഓഫീസ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അല്ലെന്നും , പിൻവാതിൽ നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ ബാനറുയർത്തി പ്രതിഷേധിക്കുകയായിരുന്നു. എന്നാൽ ഡയസിന് മുന്നിൽ ബാനർ ഉയർത്തരുതെന്ന് മേയർ നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം ചെവി കൊണ്ടില്ല. ഇതിനിടെ ഭരണപക്ഷ അംഗങ്ങളുമായി പരസ്പരം വാക്കു തർക്കങ്ങൾ ഉണ്ടായി. ഇതോടെ അജണ്ടകൾ പെട്ടെന്ന് പാസാക്കി ഡെപ്യൂട്ടി മേയർ കൗൺസിൽ അവസാനിപ്പിക്കുകയായിരുന്നു.
കോഴിക്കോട് കോർപ്പറേഷന്റെ ചരിത്രത്തിൽ ഇല്ലാത്ത വിധം മോശമായ പ്രവർത്തനമാണ് പ്രതിപക്ഷ അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഡെപ്യൂട്ടി മേയർ മുസാഫർ അഹ്‌മദ് ഖാൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സഭാ നടപടികൾ പൂർത്തീകരിക്കാൻ പ്രതിപക്ഷം സമ്മതിച്ചില്ല, നിയമനങ്ങൾ എല്ലാം ജനാധിപത്യപരമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, കൗൺസിൽ നാളെയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ കോർപ്പറേഷൻ നൽകുന്ന അഴിമതിയോട് മാനസികമായി വിയോജിച്ചത് കൊണ്ടാണ് മേയർ ഇന്ന് ഹാജരാക്കാത്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. 150 ഉം 85 മായി രണ്ട് തവണയായി നടത്തിയ 235 താൽക്കാലിക ജീവനക്കാരുടെ നിയമനം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചെപ്പടിവിദ്യയാണെന്നും അവസാനഘട്ടത്തിലും സ്വയം തിരുത്താനുള്ള അവസരമാണ് കൗൺസിൽ നഷ്ടപ്പെടുത്തിയതെന്നും യുഡിഎഫ് പാർട്ടി ലീഡർ കെ. സി ശോഭിത പറഞ്ഞു. ഇത്തരം ഘട്ടങ്ങളിൽ സാധാരണയായി സഭ നിർത്തിവെച്ച് ഇടവേള എടുത്തു വീണ്ടും തുടരാറാണ് പതിവെന്നും. എന്നാലിന്ന് അതെല്ലാം ലംഘിച്ചെന്നും പ്രതിപക്ഷ അംഗങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതിനിടെ അജണ്ടകൾ പാസാക്കിയെടുക്കാനുള്ള യുഡിഎഫ് എൽഡിഎഫ് ഒത്തുകളിയാണ് ഇന്ന് കൗൺസിലിൽ നടന്നതെന്ന് ആരോപിച്ച് ബിജെപി പ്രതിനിധികൾ മേയറുടെ ചേമ്പറിൽ എത്തി. അജണ്ടകൾ ഒരിക്കൽ കൂടി ചർച്ചക്ക് വിധേയമാക്കണമെന്നും ജനകീയ വിഷയങ്ങളിൽ ജനങ്ങളോടൊപ്പം ആണ് പാർട്ടിയെന്നും ബിജെപി നേതാക്കൾ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് തന്നെയാണ് ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രതികരണങ്ങളിൽ നിന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.




