കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്തിമ റിപ്പോർട്ട് മാർച്ച് 31നകം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വർണപ്പാളികളുടെ 36 ശതമാനം സാമ്പിളുകളാണ് എസ്.ഐ.ടി ശേഖരിച്ചിരിക്കുന്നത്. ഇവയുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിൽ നടത്തുമെന്ന് കോടതിയിൽ അറിയിച്ചു. പരിശോധന സൗജന്യമായി നടത്താമെന്ന് ലാബ് അറിയിച്ചതായും എസ്.ഐ.ടി വ്യക്തമാക്കി.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവർ- ഉണ്ണികൃഷ്ണൻ പോറ്റി ബന്ധത്തിന് തെളിവുകൾ ഹാജരാക്കാനായില്ലെന്ന് കൊല്ലം വിജിലൻസ് കോടതി വ്യക്തമാക്കി. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ ദേവസ്വം ബോർഡിന്റെ ചുമതലയാണെന്നും, പൂജകൾ ഉൾപ്പെടെയുള്ള താന്ത്രിക കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ഉത്തരവാദിത്വമെന്നും കോടതി നിരീക്ഷിച്ചു. മഹസറിൽ ഒപ്പുവെക്കാത്തത് ക്രിമിനൽ ഗൂഢാലോചന ആരോപണം ദുർബലപ്പെടുത്തുന്നതായും കോടതി ഉത്തരവിൽ പറയുന്നു.










