തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ മുൻ സെക്രട്ടറി എസ്. ജയശ്രീയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ആവശ്യമായപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇതിന് മുമ്പ് ജയശ്രീയുടെ ഹർജി പരിഗണിച്ച കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ജയശ്രീയ്ക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് അവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ ജാമ്യം നൽകാൻ അർഹതയില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട് എടുത്തത്.
കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെ നിഷേധിച്ച് ജയശ്രീ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ദ്വാരപാലക ശില്പ പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ലെന്ന് അവർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിലും മേൽനോട്ടത്തിലും മാത്രമാണ് പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതെന്നും അവർ അറിയിച്ചു.
ദേവസ്വം ബോർഡിന്റെ മിനിറ്റ്സിൽ യാതൊരു തിരുത്തും വരുത്തിയിട്ടില്ലെന്നും, ബോർഡ് എടുത്ത തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും ജയശ്രീ വിശദീകരിച്ചു. എല്ലാ നടപടികളും ബോർഡ് തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കൂടാതെ, താൻ ജീവിതത്തിൽ ഒരിക്കലും ശബരിമലയിൽ പോയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തിട്ടുണ്ട്.










