കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽവാസം അനുഭവിച്ചിരുന്ന ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിന് കൊല്ലം വിജിലൻസ് കോടതി സ്വഭാവിക ജാമ്യം അനുവദിച്ചു. ചില ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് വാസു ജാമ്യം നേടിയത്.
കേസിലെ മൂന്നാം പ്രതിയായ എൻ. വാസു സമർപ്പിച്ച സ്വഭാവിക ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായശേഷമാണ് കോടതി ഇന്ന് വിധി പ്രസ്താവിച്ചത്. വിവേചനം കാണിക്കാനാകില്ലെന്ന് കോടതി മുമ്പ് വ്യക്തമാക്കിയിരുന്നു.
അതേസമയം, കേസിലെ മറ്റ് പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഇതോടെ ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അഞ്ചു പ്രതികൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ മൂന്ന് പേർക്ക് സ്വഭാവിക ജാമ്യമാണ് ലഭിച്ചത്.
കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും വൈകിയാൽ മറ്റൊരു പ്രതിയായ എ. പത്മകുമാറും സ്വഭാവിക ജാമ്യം തേടാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണു സൂചന. തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യാപേക്ഷകളിൽ വാദം ഇന്നലെ പൂര്‍ത്തിയായി. ഈ മാസം 18-നാണ് അതിൽ വിധി പ്രസ്താവിക്കുക.






