തിരുവനന്തപുരം: ശബരിമലയിൽ പൂജാസാധനങ്ങൾ വാങ്ങുന്നതിൽ അഴിമതി നടന്നതായി കണ്ടെത്തിയ ദേവസ്വം വിജിലൻസ് എസ്.പി. വി. സുനിൽകുമാറിനെ മാറ്റാൻ നീക്കമുണ്ടെന്ന് വിവരം. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ ദേവസ്വം ബോർഡിലെ സംഘടനാ നേതൃത്വം ഇതിൽ ഒരുമിച്ചാണെന്നാണ് സൂചന. എന്നാൽ ദേവസ്വത്തിന്റെ സ്വത്ത് ദുരുപയോഗം ചെയ്ത ആരെയും സംരക്ഷിക്കില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടും വി. സുനിൽകുമാർ തയ്യാറാക്കിയതായിരുന്നു. ഈ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി പ്രത്യേകസംഘം അന്വേഷണം തുടരുകയാണ്.
ഇതിനിടെയാണ് പൂജാസാധനങ്ങളിലെ അഴിമതി സംബന്ധിച്ച പുതിയ വിജിലൻസ് റിപ്പോർട്ടും ഹൈക്കോടതിയിലെത്തിയത്. റിപ്പോർട്ട് പരിശോധിച്ച കോടതി കഴിഞ്ഞ 10 വർഷത്തെ പൂജാസാധനങ്ങളുടെ വാങ്ങൽ വിവരങ്ങൾ സമർപ്പിക്കാനും, ശബരിമലയിൽ ഒരേ ആളുകൾ വർഷങ്ങളായി വിവിധ തസ്തികകളിൽ തുടരുന്നുണ്ടോ എന്ന് പരിശോധിക്കാനും നിർദേശിച്ചു. നെയ്യ് വിതരണ തട്ടിപ്പ്, തീർഥാടനകാലത്തെ താത്കാലിക ജീവനക്കാരുടെ പണാപഹരണം തുടങ്ങി നിരവധി അഴിമതികൾ ദേവസ്വം വിജിലൻസ് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.






