ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ അഞ്ചംഗ ബെഞ്ചിന്റെ മുൻവിധി തെറ്റാണെന്നും അത് പുനഃപരിശോധിക്കണമെന്നുമാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രത്തിന്റെ നിലപാട് കോടതിയിൽ അവതരിപ്പിച്ചത്.
മതാചാരങ്ങളുടെ അനിവാര്യ ഘടകങ്ങൾ എന്തെന്നത് കോടതികൾ മാത്രം തീരുമാനിക്കുന്നത് ഉചിതമല്ലെന്നും, വിവിധ മതങ്ങളിലെ ആന്തരിക വൈവിധ്യവും ഉപവിഭാഗങ്ങളുടെയും ആചാരങ്ങളുടെയും സ്വാതന്ത്ര്യവും പരിഗണിക്കണമെന്നും കേന്ദ്രം വാദിച്ചു. മതപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ മതപണ്ഡിതരുടെ അഭിപ്രായങ്ങൾ തേടേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
സമൂഹത്തിന് എതിരായ ആചാരങ്ങൾ നിയന്ത്രിക്കുന്നത് നിയമസഭകളുടെ അധികാരപരിധിയിലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാൽ, മതസ്വാതന്ത്ര്യത്തിന്റെ പേരിൽ അനാചാരങ്ങൾ നടന്നാൽ കോടതികൾക്ക് ഇടപെടാമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അഭിപ്രായപ്പെട്ടു.
ആർത്തവ സമയത്ത് സ്ത്രീകൾക്ക് ഇപ്പോഴും ചിലിടങ്ങളിൽ തൊട്ടുകൂടായ്മ നിലനിൽക്കുന്നതായി ജസ്റ്റിസ് നാഗരത്ന നിരീക്ഷിക്കുകയും ചെയ്തു. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിൽ വാദം തുടരുകയാണ്.




