മലപ്പുറം: തിരൂരിൽ കാറിൽ നിന്ന് നാല് കിലോയിൽ കൂടുതൽ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് യുവാക്കളെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുറത്തൂർ ആശുപത്രിപ്പടി സ്വദേശി മുഹമ്മദ് ഷാനിൽ (29), കൈനിക്കര സ്വദേശി അമർജൽ കൃഷ്ണ (27) എന്നിവരാണ് പിടിയിലായത്.
ഇന്ന് പുലർച്ചെ 2.30ഓടെ ബീരാഞ്ചിറ–പെരുന്തല്ലൂർ റോഡിൽ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. പൊലീസ് വാഹനം കണ്ട പ്രതികൾ കാർ അതിവേഗത്തിൽ പിന്നോട്ട് എടുക്കാൻ ശ്രമിച്ചു. ഇതിനിടെ കാർ ഫുട്പാത്തിൽ ഇടിച്ച് കുടുങ്ങി. തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടി. വാഹനത്തിൽ നടത്തിയ പരിശോധനയിൽ 4.200 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.
ചോദ്യം ചെയ്യലിൽ പ്രതികൾ കേരളത്തിന് പുറത്തുനിന്ന് സ്ഥിരമായി കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നവരാണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. തിരൂർ സി.ഐ അനിൽകുമാർ ടി. മേപ്പള്ളി, എസ്.ഐ എൻ.ആർ. സുജിത്, എസ്.ഐ ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.




