തിരുവനന്തപുരം: വെമ്പായം ബാറിലുണ്ടായ തീകൊളുത്തൽ ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. നവാസ് ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് വെമ്പായത്തെ ബാറിൽ സംഭവം നടന്നത്. ബാറിലെ എസി മുറിയിൽ സുഹൃത്തുക്കൾ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. തർക്കത്തിന് പിന്നാലെ നന്നാട്ടുകാവ് സ്വദേശിയായ അനീഷ് പെട്രോൾ വാങ്ങി വന്ന് മറ്റുള്ളവരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ അനീഷിന്റെ ദേഹത്തേക്കും തീ പടരുകയായിരുന്നു.
സംഭവത്തിൽ ബാറിന്റെ എസി വിഭാഗത്തിന്റെ ഏകദേശം 80 ശതമാനവും കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് തീ അണച്ചു. ആക്രമണം നടത്തിയെന്നാരോപിക്കപ്പെടുന്ന അനീഷിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




