സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രമാണ് ഫ്ലാസ്‍ക്. രാഹുൽ റിജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയ് മഹേന്ദ്രൻ എന്ന സൂപ്പർ ഹിറ്റ് വെബ് സീരീസിന് ശേഷം സൈജു കുറുപ്പ് രാഹുൽ റിജി നായരുമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. സൈജു കുറുപ്പ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തുവിട്ട് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 18നാണ് ചിത്രത്തിന്റെ റിലീസ്.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോ ആണ് “ഫ്ലാസ്ക്” നിർമ്മിച്ചിരിക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ രാഹുൽ റിജി നായർ തന്നെയാണ് ചിത്രത്തിൻ്റെ നിർമ്മാണവും. ലിജോ ജോസഫ്, രതീഷ് എം എം എന്നിവരാണ് മറ്റു നിർമ്മാതാക്കൾ. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ജ്യോതികുമാർ എന്ന പോലീസ് കോൺസ്റ്റബിളിന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻറെ കഥ വികസിക്കുന്നത് എന്ന് ടീസർ സൂചിപ്പിക്കുന്നു. ഗായകൻ കൂടിയായ ജ്യോതികുമാറിന്റെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിതവും രസകരവുമായ സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.










