മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകുന്നതിനെ തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം. മസ്‌കറ്റിലേക്കുള്ള സലാം എയർ വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. മണിക്കൂറുകളായി കാത്തിരിക്കുന്ന യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി.
അഞ്ച് മണിക്കൂറിലധികമായി കാത്തിരുന്നിട്ടും യാത്രക്കാർക്ക് വെള്ളമോ ഭക്ഷണമോ ലഭിച്ചില്ലെന്നാണ് പരാതി. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിമാനക്കമ്പനി വീഴ്ച വരുത്തിയെന്നും യാത്രക്കാർ ആരോപിച്ചു.
വിമാനത്തിലെ സാങ്കേതിക തകരാറാണ് സർവീസ് വൈകാൻ കാരണമെന്നാണ് സലാം എയർ അധികൃതരുടെ വിശദീകരണം. പ്രശ്നം പരിഹരിച്ച് എത്രയും വേഗം യാത്ര പുനരാരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.




