കോഴിക്കോട്: കര്‍ണാടകയിലെ കുടകിൽ മലകയറുന്നതിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്താനുള്ള തെരച്ചിൽ ശക്തമാക്കാൻ എം.പി. കെ.സി. വേണുഗോപാൽ ഇടപെട്ടു. കര്‍ണാടക വനംമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും അദ്ദേഹം സംസാരിച്ചു. മുഖ്യമന്ത്രിയോടും സ്ഥിതിഗതികൾ അന്വേഷിച്ചു.
ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് തെരച്ചിൽ ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശരണ്യയുടെ അച്ഛനുമായും അദ്ദേഹം സംസാരിച്ചു. യുവതിയെ കണ്ടെത്താൻ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കര്‍ണാടക സർക്കാർ ഉറപ്പ് നൽകിയതായി അറിയിച്ചു.
തടിയന്റെ മോളം മലകയറൽ കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ശരണ്യ എത്തിയത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത സംഘത്തോടൊപ്പമാണ് യാത്ര പോയത്. രാവിലെ 8.15ന് വനവിഭാഗത്തിന്റെ പരിശോധന കേന്ദ്രത്തിൽ നിന്ന് സംഘം കടത്തിവിട്ടു. ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷന്മാരും ശരണ്യയും ഉൾപ്പെടെ പത്ത് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
മടങ്ങിയെത്തിയവർ നൽകിയ വിവരമനുസരിച്ച്, ശരണ്യ ഒരു നായക്കുഞ്ഞിനൊപ്പം കളിച്ചുകൊണ്ട് കുന്നിൻ മുകളിൽ തുടരുകയായിരുന്നു. സംഘം താഴേക്ക് ഇറങ്ങുമ്പോൾ പിന്നീട് എത്താമെന്ന് ശരണ്യ പറഞ്ഞതായും അവർ അറിയിച്ചു.
പിന്നീട് ശരണ്യ തിരിച്ചെത്തിയില്ലെന്ന് താമസസ്ഥലത്തിലെ ജീവനക്കാർ അറിയിച്ചതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. ഫോൺ വഴി ഒരിക്കൽ ബന്ധപ്പെടാനായെങ്കിലും തുടർന്ന് ബന്ധം ലഭിച്ചില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.




