തിരുവനന്തപുരം:കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശനെ അഭിനന്ദിച്ച് ഡോ. ശശി തരൂർ എംപി. സതീശന്റെ സ്ഥിരോത്സാഹത്തിനും വർഷങ്ങളോളം പാർട്ടിക്കും ജനങ്ങൾക്കും അദ്ദേഹം നൽകിയ സമർപ്പിത സേവനത്തിനും ലഭിച്ച അർഹമായ അംഗീകാരമാണിതെന്ന് തരൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. വി.ഡി സതീശന്റെ വിജയത്തിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്നും അദ്ദേഹത്തോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കാളിയാകാൻ സാധിച്ചുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വി.ഡി സതീശനെ അധികാരത്തിലെത്തിച്ച ഈ ജനവിധി ഒരു വ്യക്തിയുടെ വിജയമല്ലെന്നും മറിച്ച് യുഡിഎഫ് എന്ന ടീമിന് ലഭിച്ച അംഗീകാരമാണെന്നും തരൂർ ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് സർക്കാർ ഉയരുന്നുവെന്ന് ഉറപ്പാക്കുന്നതിൽ ഓരോ മുതിർന്ന നേതാവിനും പ്രധാന പങ്കും ഉത്തരവാദിത്തവുമുണ്ട്. മുന്നണിയുടെ ബഹുസ്വരതയാണ് അതിന്റെ ശക്തിയെന്നും സമൃദ്ധവും നീതിയുക്തവുമായ ഒരു കേരളം കെട്ടിപ്പടുക്കാൻ എല്ലാ വിഭാഗങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ അർപ്പിച്ച വിശ്വാസം സംസ്ഥാനത്തെ രൂപാന്തരപ്പെടുത്താനായി ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട് സംരക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




