കാസർകോട്: വിവാഹദിനത്തിൽ മുങ്ങിയ സംഭവത്തിന് പിന്നാലെ പ്രതിശ്രുത വധു നൽകിയ ലൈംഗിക പീഡന പരാതിയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. കാസർകോട് ജില്ലയിലെ ബളാൽ സ്വദേശി വിഷ്ണു നാരായണൻ (24) നെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വിഷ്ണുവും യുവതിയും പ്രണയത്തിലായിരുന്നു. മേയ് 10ന് ബളാലിലെ ക്ഷേത്രത്തിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി വധുവും ബന്ധുക്കളും ക്ഷേത്രത്തിലെത്തിയെങ്കിലും, മുഹൂർത്ത സമയമായിട്ടും വരനും സംഘവും എത്തിയില്ല.
തുടർന്ന് വരന്റെ ബന്ധുക്കൾ ക്ഷേത്രത്തിലെത്തി വിഷ്ണുവിനെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹം മുടങ്ങി. പിന്നാലെ യുവതി നൽകിയ പരാതിയിൽ, വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനൊടുവിൽ വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.






