റിയാദ്: മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി അറേബ്യ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച റിയാദ് മേഖലയിലാണ് ശിക്ഷ നടപ്പാക്കിയത്. ശിക്ഷിക്കപ്പെട്ടവരിൽ അഞ്ച് സൗദി പൗരന്മാരും രണ്ട് ജോർദാൻ പൗരന്മാരുമാണ്.
നിരോധിത ലഹരിമരുന്നായ ആംഫെറ്റാമൈൻ ഗുളികകൾ രാജ്യത്തേക്ക് കടത്തുകയും കൈവശം വെക്കുകയും ചെയ്ത കുറ്റത്തിനാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്. സുരക്ഷാ ഏജൻസികൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേസിൽ പ്രത്യേക കോടതി ശിക്ഷ വിധിക്കുകയും, ഉയർന്ന കോടതികൾ അത് ശരിവെക്കുകയും ചെയ്തതോടെ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശിക്ഷ നടപ്പിലാക്കുകയായിരുന്നു.
ലഹരിക്കടത്തിനെതിരെ കർശന നിലപാട് തുടരുമെന്നും രാജ്യത്തിന്റെ സുരക്ഷയും പൊതുസമൂഹത്തിന്റെ സുരക്ഷയും സംരക്ഷിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.




