ലഖ്നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരിച്ചു. രാഗിണി (14) എന്ന പെൺകുട്ടിയാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
വീട്ടുസാധനങ്ങൾ വാങ്ങാൻ സുഹൃത്തിനൊപ്പം റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രക്ക് ഇടിച്ചതിനെ തുടർന്ന് വൈദ്യുത പോസ്റ്റ് മറിഞ്ഞ് രാഗിണിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ കുട്ടി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സമീപത്തെ ഒരു കടയിൽ സാധനങ്ങൾ ഇറക്കുന്നതിനിടെ ട്രക്ക് റിവേഴ്സ് എടുക്കുമ്പോൾ മുകളിലുണ്ടായിരുന്ന വൈദ്യുതി ലൈനിൽ കുടുങ്ങി. തുടർന്ന് വാഹനം മുന്നോട്ടെടുത്തപ്പോൾ റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് പോസ്റ്റ് തകർന്നു വീണത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.




