തിരുവനന്തപുരം: കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണം വീണ്ടും ആവർത്തിച്ച് സിപിഎം നേതാവ് എം.എ. ബേബി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ടുകൾ നഷ്ടമായതിന് പിന്നിൽ യുഡിഎഫും ബിജെപിയും തമ്മിലുള്ള ഡീൽ ആണെന്ന് അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം നേമം മണ്ഡലത്തിൽ ബിജെപി വിജയിച്ചത് വോട്ടുകൾ കൈമാറിയതിനാലാണെന്നും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തരം നീക്കങ്ങൾ ഉണ്ടാകാമെന്നുമാണ് എം.എ. ബേബിയുടെ മുന്നറിയിപ്പ്. ചില പഞ്ചായത്തുകളിൽ എൽഡിഎഫിന് ഉണ്ടായ നഷ്ടത്തിന് യുഡിഎഫും ബിജെപിയും തമ്മിലുള്ള ധാരണയാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപിയുടെ സ്വാധീനം വർധിക്കാൻ അനുവദിക്കരുതെന്നും എം.എ. ബേബി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ വിശ്വാസം വെച്ച് ജനങ്ങൾ വീണ്ടും പിന്തുണ നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്വർണക്കൊള്ള കേസിൽ സോണിയ ഗാന്ധിക്ക് നേരിട്ട് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും എം.എ. ബേബി വ്യക്തമാക്കി. ഇതുവരെ അവർക്കെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും, ചില ചിത്രങ്ങൾ മാത്രം അടിസ്ഥാനമാക്കി ആരോപണം ഉന്നയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും, കേസിലെ പ്രതികൾ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടു യാത്ര ചെയ്തതിൽ സംശയമുണ്ടെന്നും, ഇതിൽ കോൺഗ്രസ് വിശദീകരണം നൽകണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.




